ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Friday, 28 December 2012

ഇതോ ഭാരത സംസ്കാരം ..?


                         
                        
                                   മനുഷ്യത്വം നശിച്ച ഒരു കൂട്ടം ചെന്നായ്ക്കളുടെ വിഹാര കേന്ദ്രമായ്‌ മാറിയിരിക്കുന്നു ഇന്ന് സമുഹം .സ്ത്രീ അമ്മയാണ് ,സഹോദരിയാണ്,ബഹുമാനിക്കപെടെണ്ടവള്‍ ആണ് എന്നൊക്കെ വിശേഷിപ്പിക്കപെടുന്ന നമ്മുടെ നാട്ടില്‍ ഇന്ന് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞുങ്ങളുടെയും മാനത്തിന്  സുരക്ഷയില്ലതായിരിക്കുന്നു .സ്ത്രീ കേവലമൊരു ഉപഭോഗ വസ്തുവായ്‌ മാറിയിരിക്കുന്നു.
                 
                                മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സ്ത്രീപീഡനങ്ങള്‍ നമ്മുടെ കണ്മുന്നില്‍ നടക്കുമ്പോഴും കാണേണ്ടവര്‍ അത് കണ്ടില്ലെന്നു നടിക്കുന്നു.നമ്മുടെ അധികാര വ്യവസ്ഥിതികള്‍ പോലും അതിനു മുന്നില്‍ പ്രതികരിക്കാതെ നോക്കി നില്‍ക്കുന്നു..
                 
                             സ്വന്തം മകളോ സഹോദരിയോ എന്തിനു ,അമ്മയോ പുറത്തു പോയാല്‍ തിരികെ വരും വരെ ആധിയെടുത്തു കാത്തിരിക്കേണ്ട അവസ്ഥയാണ്‌ ഇന്ന് നാം നേരിടുന്നത്.
അച്ഛനും അമ്മയും ചേര്‍ന്ന് സ്വന്തം മകളെ കൊണ്ടുനടന്ന് വില്‍ക്കുന്നു...മാറ്റങ്ങളുടെ പുത്തന്‍ പാതയില്‍ സഞ്ചരിക്കുന്ന നമ്മുടെ സമുഹത്തിന്റെ ഇത്തരമൊരു മാറ്റം ഒട്ടും പ്രതീക്ഷിക്കുന്നതല്ല.. സംസ്കാരത്തില്‍ അത്രയേറെ മുന്നില്‍ നില്‍ക്കുന്നു എന്ന് വിശേഷിപ്പിക്കപെടുന്ന നമ്മുടെ രാജ്യത്ത് ഈ മാറ്റം മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുക തന്നെ ചെയ്യുന്നു..
                 
                       പെണ്ണിന്റെ ശരീരത്തെ ആര്‍ത്തിയോടെ നോക്കുന്ന കണ്ണുകള്‍ ആണ് ഇന്ന് നമുക്ക് ചുറ്റും...കാലിലെ തുണി അല്പമൊന്നു പൊങ്ങിയാല്‍ പോലും ആര്‍ത്തിയോടെ നോക്കുന്നവര്‍ ..ഒരു കൂട്ടം നരഭോജികളുടെ കയ്കളിലമര്‍ന്നു സ്വന്തം മാനം സംരക്ഷിക്കാനാവാതെ  ,പ്രതികരിക്കാനാവാതെ അതിക്രുരമായി പിടഞ്ഞു തീരുന്ന ഓരോ പെണ്ണും നമ്മുടെ ഓരോരുത്തരുടെയും സഹോദരിയാണ് ,മകളാണ് ,അമ്മയാണ്,ഭാര്യയാണ്‌ ...
സ്വകാര്യ ഇടങ്ങളിലും പൊതു നിരത്തുകളിലും അവള്‍ പീഡിപ്പിക്കപെടുന്നു....
                                 
                            
                                                ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ അതിക്രുരമയ് ബലാല്‍സംഘം ചെയ്ത വാര്‍ത്ത‍ ഏവരുടെയും കണ്ണ് നനയിപ്പിക്കുനതാണ്..സംഭവം നടന്നു ഇത്രയായിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ ഒരു നിയമവ്യവസ്ഥിതി കൊണ്ട് വരാന്‍ അധികാരികള്‍ക്കയിട്ടില്ല എന്ന സത്യവും നമ്മള്‍ ഒര്മിക്കെണ്ടിയിരിക്കുന്നു..
                   
                                          പൊതുനിരത്തില്‍ ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ പോലും അത് കണ്ടു നോക്കി നില്‍ക്കാനല്ലാതെ അതിനെതിരെ ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറാകാത്തവരാണ്  ജനങ്ങള്‍ ..മാത്രമല്ല ,അപമാനിക്കപെട്ട സ്ത്രീയെ മോശക്കാരിയാക്കാന്‍ ആയിരിക്കും കൂടുതല്‍ ആളുകളും ശ്രമിക്കുന്നത്..നാളെ,അവരുടെ മകള്‍ക്കോ ഭാര്യക്കോ ആണ് ഇത്തരം ഒരു അവസ്ഥ വരുന്നതെങ്കില്‍ അവര്‍ കയ് കെട്ടി നോക്കി നില്‍ക്കുമോ...?
   
                    തരം കിട്ടിയാല്‍ അശ്ലീലചുവയുള്ള സംസാരത്തിലൂടെ ഒരു തരം 'സുഖം' നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്‌ .ഇതിനായ്‌  പ്രത്യേകം site കളും ഇന്ന് ലഭ്യ മയെന്നും വരും.പെണ്ണിന്റെ പേര് കണ്ടാല്‍ ഉടന്‍ ചാടി വീഴുന്ന,sex chat നടത്താന്‍ ആര്‍ത്തിപൂണ്ടു നില്‍ക്കുന്ന ഇത്തരം ഞരമ്പ്‌ രോഗികള്‍ ,നാളെ അവര്‍ കാണിച്ച ഓരോ വൃത്തികേടിനും സ്വന്തം ജീവിതം കൊണ്ട് തന്നെ കണക്ക് പറയേണ്ടതായ് വരും..അര്‍ഥം വച്ചുള്ള നോട്ടങ്ങളെയും അശ്ലീലചുവയുള്ള വാക്കുകളില്‍ നിന്നും പീഡനങ്ങള്‍ക്കെതിരെയും പൊരുതി മുന്നേറാന്‍ ഇനിയുള്ള ഓരോ ചുവടിലും ഒരുപിടി വീറും സ്ഥയര്യവും കരുതി വയ്ക്കെണ്ടിയിരിക്കുന്നു..
                 
                          പിഞ്ചു കുഞ്ഞുങ്ങളെ പോലും കാമ ഭ്രാന്തോടെ നോക്കുന്ന വൃത്തികെട്ട ഒരു സമുഹം ആയി മാറിയിരിക്കുന്നു ഇന്ന് നമുക്ക് ചുറ്റുമുള്ളത് .കേവലം 3 ഉം 4 ഉം വയസുള്ള കുഞ്ഞുങ്ങളെ വാത്സല്യത്തോടെ അല്ലാതെ എങ്ങനെയാണു കാണാന്‍ കഴിയുന്നത്‌ .....  ഓമനത്തം തുളുമ്പുന്ന അവരുടെ നിഷ്കളങ്കമായ മുഖത്തെ എങ്ങനെയാണു കാമം നിറയുന്ന കണ്ണുകളിലൂടെ നോക്കാന്‍  കഴിയുന്നത്‌ ...
  ഒന്നുമറിയാത്ത,,കളിച്ചു നടക്കേണ്ട ആ പ്രായത്തെ പോലും നിഷ്ടുരമായ്  പിച്ചി ചീന്താന്‍ എങ്ങനെ കഴിയുന്നു. ... ഇത്രയേറെ അധപതിച്ചുപോയോ നമ്മുടെ സമുഹം എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നിപോവുന്നു ..
                                
                            ഒന്ന്  ഓര്‍ത്ത്‌ കൊള്ക അവള്‍ പുളഞ്ഞ ഓരോ വേദനക്കും അവള്‍  നീറിയ  ഓരോ നീറ്റലിനും നീ കണക്കു പറയാതെ പൊവില്ല... തൂക്കുകയര്‍ പോലും നീ അര്‍ഹിക്കുനില്ല,,, എതവയവം വച്ച് നീ ഒരു പെണ്ണിനെ പീഡിപ്പിക്കുന്നുവോ ആ അവയവം ചേദിക്കുന്ന ഒരു നിയമം.... അതാണ് ഇനി വേണ്ടത് .. ചങ്കുറ്റം ഉള്ള ഒരു ഭരണാധികാരി എങ്കിലും ഇവിടെ ശേഷിക്കുന്നു എങ്കില്‍ നടപ്പിലാക്കി കാണിക്കു ഈ നിയമം.. ഇനിയെങ്കിലും ... സ്വന്തം അമ്മയുടേയും  പെങ്ങന്മാരുടെയും മാനത്തിനു വില കല്പിക്കുന്നുവെങ്കില്‍ മാത്രം ...
                 
                     സ്ത്രീ ശരീരം ആര്‍ക്കും തട്ടി കളിക്കാനുള്ള ഒരു വസ്തുവല്ല.....അവളുടെ ശരീരത്തില്‍ അനാവശ്യമായ്  സ്പര്‍ ശിക്കാന്‍  ഒരുത്തനും അവകാശമില്ല....അമ്മയെയും പെങ്ങളേയും തിരിച്ചറിയാത്ത കുടുംബത്തില്‍ പിറക്കാത്ത വൃത്തികെട്ടവന്മാരെ, പ്രതികരിക്കാതെ ഇരിക്കാന്‍ ഇനി ഞങ്ങള്‍ക്കാവില്ല .......
                       




Wednesday, 12 December 2012

കൂടെപോന്നവള്‍


                                                  വിളിച്ചിറക്കിയപ്പോള്‍
                                                  വേച്ചു വേച്ചു  നീയെന്‍ -
                                                  കൈയ്തലം പിടിച്ചപ്പോഴും
                                                  തിരിഞ്ഞു നോക്കാതെ
                                                  എന്‍ ഉറച്ച കാലടികളെ
                                                  പിന്തുടര്‍ന്നപ്പോഴും
                                                  നിന്റെ വസന്തത്തിന്റെ
                                                  ഇതളടരാപൂമൊട്ടുകള്‍
                                                  എനിക്കായ് നിവേദിച്ചപ്പോഴും
                                                  ഇടറിയ വാക്കും
                                                  പതറിയ നോക്കുമായ്
                                                  ഉരുകി ഉരുകി നീ-
                                                  ഇല്ലാതാകുന്നത് ഞാനറിഞ്ഞു.
                                                  അടിവയറ്റിലെ വേദനകൊണ്ട്
                                                  ആരുമറിയാതെ പുളയുമ്പോഴും
                                                  പുകയടുപ്പൂതിയൂതി
                                                  പകലിരുട്ടിക്കുന്നു നീ.
                                                  ഒടുവില്‍,നിഴലകന്ന രാത്രികളില്‍
                                                  തളര്‍ന്നു നീയുറങ്ങവേ
                                                  നിറം വറ്റിയ നിന്‍ ഇടംകഴുത്തില്‍
                                                  ഞാന്‍ ച്ചുംബിക്കുമ്പോഴെങ്കിലും
                                                  കൂടെപോന്നവളെ
                                                  നിനക്കൊന്ന്-
                                                  വിതുമ്പി വിതുമ്പി കരയരുതോ...
                 

Tuesday, 13 November 2012

സ്വപ്നം

                                    
                                    

                                       ഉദരത്തിന്റെ ഉള്‍ചൂടില്‍ നിന്നും
                                       കാത്തിരിപ്പിന്റെ
                                       ഒരാദ്യകരച്ചിലുമായ്
                                       തുറന്നുവച്ച,
                                       ആകാശത്തിനു കീഴേക്കിറങ്ങിയെത്താന്‍
                                       ആദ്യസ്വപ്നം..
                                       പിന്നെ,
                                       പാല്‍മണം മാറും മുന്‍പേ
                                       നിലയുറയ്ക്കാത്ത കാലുകളില്‍
                                       നിഴലിനെ ഓടിപ്പിടിക്കണമെന്നും
                                       തണലുവീണ  വഴികളില്‍
                                       താങ്ങായ് നിന്ന കരങ്ങളാല്‍
                                       പിച്ചവച്ച് തുടങ്ങിയപ്പോഴേക്കും
                                       കരുതലിന്റെ കരങ്ങള്‍ വിടുവിച്ച്
                                       കൂടുവിട്ട് പറക്കണമെന്നും സ്വപ്നം..
                                       ഒടുവിലൊരു നിമിഷത്തില്‍,
                                       കണ്ട സ്വപ്നങ്ങളൊക്കെയും
                                       കയ് വിടുനെന്നായപ്പോള്‍
                                       അത് കൌമാരമെന്നറിഞ്ഞു..
                                       ഇന്ന്,
                                       ഇരുള്‍വീഥികളില്‍
                                       മിഴിത്തുള്ളികളായ്
                                       ഓര്‍മ്മകള്‍ പെയ്തുതീരുന്നു..
                                       നാളെ,
                                       പുതിയ പുലരി വിരിയുമ്പോള്‍
                                       പാതിനിലച്ച സ്വപ്നങ്ങളെ
                                       നീര് വറ്റിയ സിരകളിലേക്ക്
                                       ഒരിക്കല്‍ക്കൂടി കുടഞ്ഞിടണം..
                                       ഒരുപക്ഷെ,
                                       നിലച്ചുപോയ സിരകളില്‍
                                       എന്റെ സ്വപ്നങ്ങള്‍ക്കൊരു
                                       പുനര്‍ജ്ജനി കാത്തിരിപ്പുവെങ്കിലോ ...

Sunday, 16 September 2012

"സദാചാരം ?"

 


                                              വഴിയരികിലെ ചായക്കടയില്‍,
                                              നഗരങ്ങളിലെ നിശാപാര്‍ട്ടികളില്‍,
                                              ആളനക്കമുള്ള ബസ്‌സ്റ്റോപ്പ്കളില്‍,
                                              ആള്‍തിരക്കുള്ള വീഥികളില്‍,
                                              ഒക്കെയും,
                                              പിന്തുടരുന്നതെന്തിനാണ് ?
                                              അവള്‍ അവനോടും,
                                              അവന്‍ അവളോടും,
                                              വാ തുറന്നപ്പോള്‍ 
                                              കയ്കോര്‍ത്തു നടന്നപ്പോള്‍ 
                                              ഒരു കപ്പ്‌ കാപ്പി കുടിച്ചപ്പോള്‍ 
                                              നിങ്ങള്‍ എന്തിന് 
                                              പല്ലിറുക്കുന്നു ?
                                              മുഷ്ടി ചുരുട്ടുന്നു?
                                              പെരുവിരലില്‍-
                                              നിന്നരിച്ചുകേറും
                                              കലിപ്പ് തീര്‍ക്കണമെങ്കില്‍,
                                              നടന്നുവന്ന വഴികളില്‍ 
                                              നിലവിളികളുതിര്‍ന്ന 
                                              നിലാവ് മറഞ്ഞ 
                                              കണ്ടിട്ടും കാണാതെ നടിച്ച 
                                              ഓരങ്ങളിലേക്ക്‌ 
                                              ഒന്ന് തിരിഞ്ഞുനടക്കുക.
                                              മകളെ പീഡിപ്പിച്ച,
                                              അച്ഛനും  
                                              അമ്മയെ കഴുത്തറുത്ത,
                                              മകനും 
                                              വെയില്‍ കായാനിറങ്ങിയിട്ടുണ്ട് .

Saturday, 8 September 2012



                                               "ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
                                                      വിരിയേണമൊരു,
                                                     പൂവിന്‍മുഴുജന്മം......"

Wednesday, 18 July 2012

പറയുമോ നീ ..

                                            
                                             





                                              എന്റെ വാക്കുകള്‍
                                      നിന്നെ വേദനിപ്പിക്കുന്നുവെങ്കില്‍ 
                                         ഞാനവയ്ക്ക് വിലങ്ങു വെയ്ക്കാം.
                                           നിനക്ക് വേണ്ടി മാത്രം.
                                                  പക്ഷെ,
                                              എന്റെ മൌനം
                                      നിന്നെ വേദനിപ്പിക്കുമെങ്കില്‍ 
                                     പിന്നെ ഞാന്‍ എന്തു ചെയ്യണം.?

Thursday, 7 June 2012

എന്റെ കലാലയം

                  
                      
                                     ഓര്‍മകളില്‍ തേങ്ങലും തലോടലും സമ്മാനിച്ച നീണ്ട നാല് വര്‍ഷങ്ങള്‍ .ഓര്‍ത്തിരിക്കാന്‍ ഒരുപാടു തന്ന,മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങള്‍ പകര്‍ന്നു തന്ന എന്റെ കലാലയം ...ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞു നടന്ന ദിനങ്ങള്‍..സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു തന്ന നാല് വര്‍ഷങ്ങള്‍.....
       വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..
ഒന്നും അറിയാതെ നെഞ്ചിടിപ്പോടെ സീനിയര്‍സിനെ പേടിച്ചു ഇടറുന്ന കാലടികളോടെ ആദ്യമായ് കലാലയത്തിന്റെ പടി ചവിട്ടിയത് ഇന്നും മായാതെ ഓര്‍മയില്‍ കിടക്കുന്നു..പിന്നിടങ്ങോട്ടുള്ള യാത്രയില്‍ ഏതോ മുന്‍ നിമിത്തം പോലെ നമ്മള്‍ സുഹൃത്തുക്കളായി.
ഇന്റെര്‍വല്‍ ന്റെ 10 മിനിറ്റില്‍ ക്യാന്റീന്‍  പോയ്‌ ചൂട് കാപ്പി കുടിച്ച്‌ ,തിരികെ മഴ നനഞ്ഞു എത്തിയപ്പോള്‍ സര്‍ ന്റെ ചോദ്യത്തിനു മുന്‍പില്‍ നുണ പറഞ്ഞു തടിതപ്പിയ എത്രയോ ദിനങ്ങള്‍..
                                1st ഇയര്‍  ന്റെ ദിനങ്ങള്‍ വളരെ പെട്ടെന്ന് കടന്നു പോയിരുന്നു..ഓര്‍ക്കാന്‍ അധികം ഒന്നും ഇല്ലെങ്കിലും പിന്നീടുള്ള ഓരോ ഇയര്‍  ഉം ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ള നിമിഷങ്ങള്‍ ആയിരുന്നു നല്‍കിയത്.
             2nd ഇയര്‍  ലേക്ക് കാലെടുത്തുവച്ച ദിനങ്ങള്‍.ഞാനും senior ആയി എന്നതിന്റെ അഹങ്കാരം ചെറുതൊന്നും അല്ലായിരുന്നു.എങ്കിലും 3rd ഇയര്‍  ഉം 4th ഇയര്‍സ്  ഉം ഇടക്കൊക്കെ ആ അഹങ്കാരത്തിന് കടിഞ്ഞാണിട്ടു .ഓണം,ക്രിസ്മസ്,ആര്‍ട്സ് ,5 ഡേ നീണ്ടു നിന്ന ഡി സോണ്‍ അങ്ങനെ എത്രഎത്ര ആഘോഷങ്ങള്‍ ..പിന്നെ മറക്കാനാവാത്ത ടൂര്‍ കളും ..എല്ലാം ആവുന്നത്ര ആഘോഷിച്ചു.
സൌഹൃദത്തിന് ആഴം കൂടി വന്ന ദിനങ്ങള്‍.എന്തിനും ഏതിനും സുഹൃത്തുക്കള്‍ എല്ലാം ആയി തീര്‍ന്ന ദിനങ്ങള്‍..ആ വര്‍ഷവും അങ്ങനെ കടന്നു പോയിരിക്കുന്നു..
              3rd ഇയര്‍  ..അഹങ്കാരം പറഞ്ഞറിയിക്കേണ്ട കാര്യമില്ലലോ..ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍ സര്‍വസാധാരണമായിരിക്കുന്നു..(അല്ലെങ്കില്‍ ഇല്ല എന്ന് അല്ലാട്ടോ).പിന്നെ notes complete ചെയ്യാനുള്ള ഓടിപ്പയാല്‍ ആണ്..assignment ,mini project അങ്ങനെ എല്ലാം കൂടി busy days ..attendance shortage മാറ്റാന്‍ teachers ന്റെ കാലുപിടിക്കല്‍..അതിനിടയിലെ ഒരുപാടു ആഘോഷങ്ങള്‍..അതിന്റെ പേരിലുള്ള duty leave നു ആയുള്ള ഓട്ടം..അങ്ങനെ ഓടിപ്പാഞ്ഞു നടന്ന ദിനങ്ങള്‍ ആയി ആ വര്‍ഷവും കടന്നുപോയ്..
            വിടപറയലിന്റെ നൊമ്പരങ്ങള്‍ നല്കാന്‍ കടന്നു വന്ന നാലാം വര്‍ഷം..ഒരുപക്ഷെ,ഓര്‍ക്കാന്‍ ഒരുപാടു ഉണ്ടായിരുന്നിട്ടും,ഓര്‍മ്മിക്കാന്‍ നമ്മുടെ മനസ്സില്‍ ഇഷ്ടപ്പെടുന്ന ദിനങ്ങള്‍ അവസാന വര്‍ഷത്തെതായിരിക്കാം..ഓര്‍മയില്‍ മായാതെ കിടക്കുന്നതും അതായിരിക്കാം.അല്ലെ?..അത്രമാത്രം ആഘോഷിച്ചു തീര്‍ത്ത വര്‍ഷം..ഓണം,ക്രിസ്മസ് അങ്ങനെ എല്ലാം മായാതെ കിടക്കുനത് ആ വര്‍ഷത്തെയാണ് ഞങ്ങള്‍ക്ക്..തേച്ചു മിനുക്കിയ ഷര്‍ട്ട്‌ ന്റെയും മുണ്ടിന്റെയും കസവ് സാരിയുടെയും ഐശ്വര്യത്തോടെ പൂക്കളം  തീര്‍ത്തു തൃക്കരപ്പനെ വച്ച്,ഇലയിട്ടു സദ്യ വിളമ്പി ഒരുമിച്ചിരുന്നു ഉണ് കഴിച്ച ആ ദിനം ഒരിക്കലും മറക്കില്ലെന്ന് ഒരായിരംവട്ടം ഉറപ്പാണ്‌..അത്രമാത്രം ഞങ്ങള്‍ക്ക് പ്രിയപെട്ടതയിരുന്നു ആ ഓണം..പിന്നെ ക്രിസ്മസ് ..ഓണത്തിന്റെ അത്ര കേമമായില്ലെങ്കിലും,അവസാന വര്‍ഷത്തെ ആഘോഷമെന്ന നിലക്ക് ഓര്‍മയില്‍ അതും മായാതെ കിടക്കുന്നു..
          ഇനിയുള്ളത് പോകാന്‍ നേരത്തെ ഏറ്റവും വിലപിടിച്ച നിമിഷങ്ങള്‍ സമ്മാനിച്ച 3 ദിവസം നീണ്ടു നിന്ന "ദൃഷ്ടി" എന്ന ഫെസ്റ്റ്  ആയിരുന്നു..രാത്രി വരെ നീണ്ടു നിന്ന ആഘോഷങ്ങള്‍..അതെ,അന്നാദ്യമായാണ് രാത്രിയിലെ നിലാവിന്റെ അകമ്പടിയില്‍ ദീപാലംകൃതമായ കലാലയത്തിന്റെ സൌന്ദര്യം നമ്മള്‍ വേണ്ടുവോളം ആസ്വദിച്ചത്..നിലാവില്‍  ഒരായിരം വര്‍ണങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ഒരു സുന്ദരിയെ പോലെ ഓരോരുത്തരുടെയും മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ടാകും ആ കാഴ്ച..ആ 3 ദിനങ്ങളും കടന്നു പോയിരുന്നു.കലാലയ ജീവിതത്തിന്റെ അവസാന ആഘോഷങ്ങള്‍..
     പിന്നെ നമ്മുടെ main project .tvm bsnl ലേക്ക് project നു ആയുള്ള യാത്ര ഒരു ടൂര്‍ ആയി തന്നെ ആഘോഷിച്ചു ..ഒരുമിച്ചു ഉണ്ടും ഉറങ്ങിയും ദിനങ്ങള്‍.hostel ന്റെ 4 ചുമരുകള്‍ക്കുള്ളില്‍ കളിച്ചും തമാശ പറഞ്ഞും കഴിച്ച  ഉറക്കമില്ലാത്ത രാത്രികള്‍..രാവിലെ ഓടിപ്പിടഞ്ഞു ക്ലാസ്  നു പോകാനുള്ള തിരക്ക്..ക്ലാസ്സ്‌  കഴിഞ്ഞുള്ള "കറങ്ങാന്‍"പോകല്‍..തിരികെ നാട്ടിലേക്കുള്ള ട്രൈന്‍  കേറുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു നൊമ്പരം..ഇനി ഇല്ല ഇങ്ങനെ ഒരുമിച്ചൊരു യാത്ര..അതെ,എല്ലാം തീര്‍ന്നിരിക്കുന്നു..തിരിച്ചു നാട്ടില്‍ എത്തിയപ്പോഴും എല്ലാവരുടെയും മനസ്സില്‍ ഒരു നഷ്ടബോധം മുള പൊട്ടിയിരുന്നു..ഒരിക്കലും തിരിച്ചുകിട്ടാത്ത കഴിഞ്ഞുപോയ സ്വപ്നനിമിഷങ്ങളെ ഓര്‍ത്തു..
                            അതെ,എല്ലാം നഷ്ടപെടുകയാണ് ഇനി..സമരപ്പന്തലുകളാല്‍ പ്രക്ഷുബ്ദമായ ക്ലാസ്സ്മുറികള്‍ ,കയ്‌ കോര്‍ത്ത്‌ നടന്ന നീണ്ട ഇടനാഴികള്‍,.ഒഴിവു വേളകളില്‍ "കത്തി "വച്ചിരുന്ന ഗോവണിപ്പടികള്‍,.ക്ലാസ്സ്‌ കട്ട്‌ ചെയ്തു assignment എഴുതി തീര്‍ക്കാനും ,b'day ആഘോഷിക്കാനായും ഒത്തു കൂടുന്ന കാന്റീന്‍.,പിന്നെ,കോളേജ് മാഗസിന്‍ ല്‍ ആരോ എഴുതിയിട്ട പോലെ "മെയിന്‍ ബ്ലോക്കിലേക്ക് തിരിയുന്നിടത്തെ മഞ്ഞ പൂക്കള്‍ പൊഴിക്കുന്ന ആ മരവും"...
                    അതെ,ഇവിടെ ഇ ക്ലാസ്സ്‌ മുറികളിലെ ഓരോ ഇരിപ്പിടവും ഇനിയും എന്തൊക്കെയോ എന്നോട് പറയാന്‍ ബാക്കി വച്ച പോലെ...ഒരു പക്ഷെ ഒരു നഷ്ട സൌഹൃദത്തിന്റെ ,അതുമല്ലെങ്കില്‍,വെയിലും മഴയും മാറി മാറി വന്നപ്പോഴും ഒരു കുടക്കീഴില്‍ ഒരുമിച്ചു ചേര്‍ന്ന നമ്മുടെ സൌഹൃദത്തെപറ്റി...നടന്നു വന്ന പാതകളില്‍ ഒക്കെയും ഇ കലാലയത്തില്‍ നാം ചിലവഴിച്ച ഓരോ നിമിഷവും മായാതെ കിടപ്പുണ്ട്..
പറയാതെ പോയ വാക്കുകളില്‍ അറിയാതെ പോയ ഒരു പ്രണയം ഓരോ ക്ലാസ്സ്‌ മുറികളിലും നമ്മെ തേടുന്നുണ്ടാകാം..പിന്നെ,പറഞ്ഞുപോയ വാക്കുകളില്‍ മുറിഞ്ഞുപോയ ഒരുപാട് സൌഹൃദങ്ങളും...
                              
                                അതെ ഇവിടെയാണ് ഞങ്ങളുടെ സ്വര്‍ഗം..




                                                 


                                                
    Dedicated to all my dear friends.....
                                                 
                                          miss u all ... 

Wednesday, 16 May 2012

നിനക്ക്

"ഒരു വാക്ക് 
ഒരു നോക്ക് 
ഒരു നീലാകാശം 
മഴ പെയ്തു തോര്‍ന്ന് 
പൂവിട്ട പ്രഭാതം
ഒരു നാലിതള്‍ പൂവ് .
ഞാന്‍ 
എന്റെ ജന്മം 
രണ്ട് കണ്ണുനീര്‍ തുള്ളി.
ഇതിലുമുപരി 
ഇനിയെന്ത് നല്‍കണം ?"

Wednesday, 11 April 2012

രാത്രിയുടെ നിലവിളി

കരിവളയുടഞ്ഞുതിര്‍ന്ന
ചുടുചോരയില്‍ കണ്ടത്
വര്‍ണങ്ങളുടെ 
വെറും ലയനങ്ങള്‍.
കിടപ്പറയുടെ വിമൂഖതകളില്‍ 
മറന്നുവച്ച നിശ്വാസങ്ങള്‍.
ഒരു വിളിപ്പാടകലെ
കൊഴിഞ്ഞു വീണ മോഹങ്ങള്‍.
അനാഥമായ നിലവിളികള്‍ക്കൊടുവില്‍
തളര്‍ന്നു വീണ ശരീരങ്ങള്‍.
അസ്തമയ സൂര്യന്‍ 
രാത്രിയെ വിളിച്ചുണര്‍ത്തി.
നിലാവ് അറിയാത്ത ഭാവം നടിച്ച്
എങ്ങോ പോയൊളിച്ചു.
ഇനിയുള്ളത് ,
മിഴികളിറുക്കിയടച്ചു 
നീണ്ടു പോകുന്ന ഇരുള്‍ വഴികളിലേക്ക് 
തിരിഞ്ഞുനോക്കാനാകാതെയുള്ള
വീഴ്ചകളാണ് ....

Tuesday, 27 March 2012

നിനക്കായ്‌...

ഒരു മഹാസാഗരം നിന്‍
ഹൃദയ വീഥിയില്‍ ഒഴുകീടുകില്‍
അതിലോരുകണമേറ്റെന്‍
ഹൃദയവേദന നീങ്ങിടുകില്‍
ഇനിയെനിക്കാവതില്ല
നിന്‍ ഇളംതെന്നലേറ്റതിന്‍
തലോടലിലോഴുകി നിന്‍-
ജീവിതയാത്രയിലൊരു
നീര്‍മുത്തായ്‌ അലിയാതിരിക്കുവാന്‍.
ഇനിയീ വേദനകളില്‍
താങ്ങായ്‌,തണലായ്‌
തരിയകലമിടാതൊരു-
തിരിനാളമായ് നിന്‍-
വഴികളില്‍ വെളിച്ചം
വിതറിടുവാനിനിയെന്നും,
നിനക്കായ്‌.....
നിനക്കായ്‌ മാത്രം......   

Monday, 12 March 2012

വിലാസം


മുറിയില്‍ നിറയെ ക്ഷണക്കത്തുകള്‍ 
കുറിപ്പടികള്‍ പലതുമുണ്ട്.
എല്ലാറ്റിനും ഒരൊറ്റ ഉദ്ദേശ്യം.
ക്ഷണിക്കുക..
പക്ഷെ,എല്ലാം വിവിധ തിയ്യതികള്‍.
അപൂര്‍വം ചിലത് ഒരേ തിയ്യതി.
അതിലൊരെണ്ണം എടുത്തു.
അത്,ഒരു വിവാഹ ക്ഷണക്കത്ത്,
അതിനടിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
"വധു വരന്മാരെ അനുഗ്രഹിക്കാന്‍ 
സാദരം ക്ഷണിച്ചു കൊള്ളുന്നു".
വിലാസം തിരഞ്ഞു.
പക്ഷെ,അതില്‍ വിലാസമില്ല .
വിലാസം ഇല്ലാത്ത ഒരാളെയെ -
ങ്ങനുഗ്രഹിക്കുമെന്നലോചിക്കവേ,
ഞാന്‍ ചിന്തിച്ചു,
ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..

Sunday, 26 February 2012

നിന്റെ മണല്‍പരപ്പിന്റെ
പൊള്ളിക്കുന്ന ചൂടില്‍
പെയ്യാന്‍ കൊതിച്ചിട്ടും
ഒന്നെത്തി നോക്കാതെ പോയ മഴ
ഇന്ന്
എന്റെ കണ്ണിലേക്ക്‌ പടര്‍ന്നപ്പോഴാണ്
അടങ്ങാതെ ഇരമ്പിമറയുന്ന
കടലിന്റെ ആഴം ഞാനറിഞ്ഞത്..

Monday, 13 February 2012

modern പ്രണയം



                                        
              വീണ്ടും ഒരു പ്രണയദിനം കൂടി ആഗതമായിരിക്കുന്നു..പ്രണയിക്കാനായ് ഒരു ദിനം ശരിക്കും ആവശ്യമാണോ ?ഓരോ നിമിഷത്തിലും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മള്‍ ??പിന്നെ പ്രണയത്തിനായ്‌ ഒരു ദിനം എന്തിനാണ് ?
ആ ...എല്ലാറ്റിനും ഓരോ ദിനങ്ങള്‍ ഉള്ള ലോകത്താണല്ലോ അല്ലെ നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ പിന്നെ പ്രണയത്തിന് മാത്രമായ് ഇരിക്കട്ടെ ഒരു ദിനം.
   പക്ഷെ,പ്രണയദിനങ്ങളും പ്രണയവാക്കുകളും പ്രണയഉപഹാരങ്ങളും നിറഞ്ഞാടുന്ന ഇ ലോകത്തില്‍ ഇന്ന് പ്രണയത്തിനുള്ള പ്രസക്തി നാം ആലോചിക്കേണ്ടതാണ്.
            എവിടെ നോക്കിയാലും പ്രണയിതാക്കള്‍..എന്റെ ഇ കോളേജ് ജീവിതവും കുറെയേറെ പ്രണയിതാക്കളെ കാണിച്ചു തന്നു കേട്ടോ..


                  പണ്ടത്തെപോലെ മരം ചുറ്റി പ്രണയങ്ങള്‍ ഒന്നും ഇന്ന് ഇല്ല .കത്തുകളില്‍ കൂടിയുള്ള പ്രണയവികാരങ്ങള്‍ കയ്മാറിയിരുന്ന ശീലം പാടെ പോയ്‌ മറഞ്ഞിരിക്കുന്നു.ഇന്ന് മൊബൈല്‍ ,ഇന്റര്‍നെറ്റ്‌  പ്രണയമാണല്ലോ എങ്ങും..മൊബൈല്‍ കമ്പനികള്‍ ഓഫര്‍ കളുടെ പെരുമഴ പെയ്യിച്ചു കൊണ്ടിരിക്കുകയാണല്ലോ...സൌഹൃദങ്ങളും മൊബൈല്‍ വഴി തന്നെ..എന്തിനും ഏതിനും മൊബൈല്‍ തന്നെ ശരണം..exam portions വരെ മൊബൈല്‍ വഴിയാണ് അറിയുന്നതും..എപ്പോഴാ മൊബൈല്‍ vibrate ചെയ്യുന്നത് എന്ന് നോക്കി ആയിരിക്കും ഊണിലും ഉറക്കത്തിലും പഠനത്തിനിടയ്ക്കും ഓരോരുത്തരും കാതോര്‍ക്കുന്നത്..(ഇ ഞാനും അങ്ങനെ തന്നെ ).

          നിങ്ങള്‍ ഓരോരുത്തരും ഓരോ പ്രണയങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവരയിരിക്കും ...ഒരു പക്ഷെ നിങ്ങള്‍ പ്രണയിക്കുന്നവരും ആയിരിക്കും..

ഒരിക്കല്‍പോലും പ്രണയിക്കാതവരായ്‌ പ്രണയം മനസ്സില്‍ സൂക്ഷിയ്കാത്തവരായ്‌ ആരും തന്നെ ഉണ്ടാകുവാന്‍ ഇടയില്ല..അല്ലെ?

"പ്രണയം" അത് എന്തൊക്കെ പറഞ്ഞാലും മധുരമായ ഒരു വികാരം തന്നെ..രണ്ടു മനസുകള്‍ തമ്മിലുള്ള അകലം കുറയുമ്പോള്‍,പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ ,എന്നും ജീവിതത്തിലുടനീളം ആ കൂട്ട് വേണമെന്ന് തോന്നുമ്പോള്‍ ....അവിടെ പ്രണയം ജനിക്കുന്നു..

          ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ,എവിടെ നോക്കിയാലും ഇന്ന് പ്രണയിതാക്കള്‍ തന്നെ. ക്ലാസ്സ്‌ റൂമിലും ,വരാന്തകളിലും ലൈബ്രറിയിലും കാന്റീന്‍ ,ബസ്‌ സ്റ്റോപ്പ്‌ ലും...ഹോ കണ്ണ് ചെല്ലുന്നിടത്തും അല്ലാത്തിടത്തും ഇവരെക്കൊണ്ട് തോറ്റു ഞാന്‍..കണ്ണും കണ്ണും കോര്‍ത്ത്‌,കയ്യും കയ്യും ചേര്‍ത്ത്,ഇനി വേറെ വല്ലതും ചേര്‍ത്തിട്ടുണ്ടോ എന്ന് അറിഞ്ഞുടാട്ടോ..അല്ല ഇനി ഇപ്പൊ ഞാന്‍ കാണാത്തത്  കൊണ്ടാകാം..
ആ ...എന്തായാലും ഇമ്മാതിരി സീനുകള്‍ തന്നെ നോക്കുന്നിടത്തെല്ലാം..തൊട്ടും ഉരുമ്മിയും ഇരിക്കുന്ന ഇണക്കുരുവികളുടെ വിക്രിയകള്‍ ...ഹോ 
 അയ്യോ..തെറ്റിദ്ധരിക്കണ്ട ,ഞാന്‍ ഒരു പ്രണയ വിദ്വെഷിയെ അല്ലാട്ടോ..പിന്നെ എനിക്ക് അവരോടു കുശുമ്പ് ആണെന്നും കരുതണ്ട...പിന്നെ എന്തിന്റെ കേടു ആണ് ഇ പെണ്‍കുട്ടിക് എന്നാകും ചോദ്യം ..
പറഞ്ഞു തരാം ..
                  
                   നമ്മുടെ ഈ ഇണക്കുരുവികള്‍ എല്ലാം തൊട്ടും തലോടിയും ഒക്കെ ഇരുന്നു കോളേജ് കഴിയുന്നതോടു കൂടി ഒറ്റ പറക്കലാണ് സ്വന്തം കാര്യം നോക്കി..പിന്നെ അവരായ് അവരുടെ പാടായ്..അവര്‍ക്കൊക്കെ പ്രണയം (അല്ല,പ്രണയം എന്ന് പറഞ്ഞു വില കളയുന്നില്ല.)ആ "വികാരം" ഒരു നേരം പോക്കാണത്രെ .എങ്ങാനും അതിനെപറ്റി ചോദിച്ചാലോ "ഏയ്‌ ഞങ്ങള്‍ friends ആയിരുന്നു. അത്രേ ഉള്ളു ഡി "..ദെ വീണ്ടും പ്രണയത്തിന്റെ വില കളയുന്നത് പോരാഞ്ഞിട്ട്‌ friendship ന്റെ വിലയും കളഞ്ഞു കുളിച്ചു..ആ അതൊക്കെ കേട്ട് സഹിച്ചു ഇരിക്കന്നെ ...അല്ലാതെ എന്ത് ചെയ്യാന്‍..

                            എന്തായാലും പ്രണയിതാക്കളുടെ ഇ ദിവ്യമായ പ്രണയം കണ്ട്‌ വിസ്മയിച്ചിരുന്ന എനിക്ക് അതെല്ലാം അവരുടെ വെറും നേരംപോക്ക് ആണെന്ന് മനസിലാക്കാന്‍ കോളേജ് ന്റെ ഈ അവസാന വര്‍ഷം വരെ കാത്തു ഇരിക്കെണ്ടാതായ് വന്നു എന്നതാണ് സത്യം....

             ഇങ്ങനെ പഠനകാലത്തെ "വിരസത" അകറ്റാന്‍ തൊട്ടും പിടിച്ചും സല്ലപിക്കാന്‍ മാത്രം പ്രണയം എന്ന ദിവ്യമായ വികാരത്തെ ചൂഷണം ചെയ്തു നടക്കുന്ന ഇവരെപ്പോലുള്ളവരെ കാണുമ്പോള്‍ പിന്നെ എങ്ങനെയാണു വെറുപ്പും അതിലുപരി രോഷവും വരാതിരിക്കുന്നത്..?(നിങ്ങള്‍ക്ക് വരണം എന്നില്ലട്ടോ..) 

                കുറച്ചു കാലത്തേക്ക് ചുറ്റി നടക്കാന്‍ മാത്രം ഒരാള്‍ ..അത് കഴിഞ്ഞു ജീവിതത്തിലേക്ക് കൂട്ടായ്‌ മറ്റൊരാള്‍..ഇതിനെയൊക്കെ പ്രണയം എന്ന് പേരിട്ടു വിളിക്കുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഇത്തരമൊരു പ്രണയദിനത്തിന് എന്താണ് യഥാര്‍ത്ഥത്തില്‍ പ്രസക്തി..?
 പ്രണയത്തിന് പോലും പ്രസക്തിയിലാത്ത ആത്മര്തതയില്ലാത്ത ഇന്ന് എന്തിനാണ് ഒരു പ്രണയദിനം ??

                    ഇതൊക്കെ എന്റെ മാത്രം തോന്നലുകള്‍ ആകാം..എന്തൊക്കെ ആയാലും ഇത്തരം ഒരു പ്രണയത്തോട് ഞാന്‍ ഒരിക്കലും യോജിക്കുന്നുമില്ല...

              തല്ക്കാലം നിര്‍ത്തട്ടെ എന്റെ ഇത്തരം തോന്നലുകള്‍..


                                                            "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

Friday, 10 February 2012

പ്രണയം


നിന്റെ മിഴികളിലെ 
തീ ജ്വാലയില്‍ നിന്നും 
കത്തി പടര്‍ന്നതാണ് എന്‍ പ്രണയം.
നിന്റെ നെഞ്ചിലെ ചൂടേറ്റ്
ഉരുകിയൊലിച്ചു പോയ-
താണെന്റെ നോവുകള്‍.
നിന്റെ നിസ്വനങ്ങള്‍ക്കുള്ളില്‍ 
എന്റെ മൌനവും 
നിന്റെ ഹൃദയത്തിനുള്ളില്‍ 
എന്റെ ഹൃദയവും 
ചേര്‍ന്നിരിക്കുമ്പോള്‍
എനിക്കെങ്ങനെ നിന്നെ മറക്കാനാകും ?

Saturday, 14 January 2012

"വാര്‍ത്തകള്‍ വായിക്കുന്നത് "

ഉദരം വിറ്റ ശേഷിപ്പുകള്‍.
അമര്‍ത്തിവയ്ക്കേണ്ടിയിരുന്ന
ഒരു ഉമ്മ
തൂക്കിവില്‍ക്കപെട്ട
കുഞ്ഞിളം മേനിക്കൊപ്പം
ഉപേക്ഷിക്കപെട്ടപ്പോള്‍
ക്യാമറകണ്ണില്‍ ഒപ്പിയെടുക്കാനായിരുന്നു
അവര്‍ക്ക് തിടുക്കം.
മിനിസ്ക്രീനില്‍
ജീവിതത്തിന്റെ ബിഗ്‌സ്സിനുകള്‍
റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
പ്രതികരിക്കാനറിഞ്ഞിട്ടും
മിണ്ടാതെ ഉരിയാടാതെ
"സൂം" ചെയ്തും
"ക്ലാരിറ്റി" കൂട്ടിയും
റെക്കോര്‍ഡ്‌ ചെയ്യുന്ന തിരക്കിലാണ്.
ഇടവേളകളില്ലാതെ.
"ബ്രേയ്കിംഗ് " ന്യൂസ്‌കള്‍ക്കിടയില്‍
കയ്‌മറിയപ്പെട്ട
ഒരു ചോരക്കുഞ്ഞിന്റെ കരച്ചില്‍.
"ഇനി ഒരിടവേള.
ക്യാമറ തിരിയട്ടെ,
തിരിച്ചു വരുമ്പോള്‍
നമുക്ക് പോകാം
അവിടെ,
രണ്ട്‌ വേഗതകള്‍ക്കിടയില്‍
നിലച്ചുപോയ
നിലവിളികളിലേക്ക്‌ .
അതിനും മുന്‍പേ
പോകേണ്ടതുണ്ട് തെരുവിലേക്ക്.
കല്ലേറ്റു പിടയുന്ന ജീവന്റെ-
ജീവനില്‍ ഇനിയെത്ര മിടിപ്പുകളെന്നു
റിപ്പോര്‍ട്ട്‌ ചെയ്യണം"