ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday, 14 January 2012

"വാര്‍ത്തകള്‍ വായിക്കുന്നത് "

ഉദരം വിറ്റ ശേഷിപ്പുകള്‍.
അമര്‍ത്തിവയ്ക്കേണ്ടിയിരുന്ന
ഒരു ഉമ്മ
തൂക്കിവില്‍ക്കപെട്ട
കുഞ്ഞിളം മേനിക്കൊപ്പം
ഉപേക്ഷിക്കപെട്ടപ്പോള്‍
ക്യാമറകണ്ണില്‍ ഒപ്പിയെടുക്കാനായിരുന്നു
അവര്‍ക്ക് തിടുക്കം.
മിനിസ്ക്രീനില്‍
ജീവിതത്തിന്റെ ബിഗ്‌സ്സിനുകള്‍
റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
പ്രതികരിക്കാനറിഞ്ഞിട്ടും
മിണ്ടാതെ ഉരിയാടാതെ
"സൂം" ചെയ്തും
"ക്ലാരിറ്റി" കൂട്ടിയും
റെക്കോര്‍ഡ്‌ ചെയ്യുന്ന തിരക്കിലാണ്.
ഇടവേളകളില്ലാതെ.
"ബ്രേയ്കിംഗ് " ന്യൂസ്‌കള്‍ക്കിടയില്‍
കയ്‌മറിയപ്പെട്ട
ഒരു ചോരക്കുഞ്ഞിന്റെ കരച്ചില്‍.
"ഇനി ഒരിടവേള.
ക്യാമറ തിരിയട്ടെ,
തിരിച്ചു വരുമ്പോള്‍
നമുക്ക് പോകാം
അവിടെ,
രണ്ട്‌ വേഗതകള്‍ക്കിടയില്‍
നിലച്ചുപോയ
നിലവിളികളിലേക്ക്‌ .
അതിനും മുന്‍പേ
പോകേണ്ടതുണ്ട് തെരുവിലേക്ക്.
കല്ലേറ്റു പിടയുന്ന ജീവന്റെ-
ജീവനില്‍ ഇനിയെത്ര മിടിപ്പുകളെന്നു
റിപ്പോര്‍ട്ട്‌ ചെയ്യണം"

Tuesday, 20 December 2011

പ്രതിഷേധം

നിന്റെ ഉടല്‍
പൂ മെത്ത ആണെന്നവന്‍.
അനാഥത്വത്തിന്റെ
ബാഹ്യമുഖമെന്ന് ചിലര്‍.
വിശപ്പിന്റെ
വികൃതമുഖമെന്ന് മറ്റു ചിലര്‍.
ഇത്,
നാവരിയപ്പെട്ടവളുടെ
കണ്ണ് ചൂഴ്ന്നെടുതവര്‍ക്കുള്ള
ചെവിയടച്ചുള്ള
പ്രതിഷേധമെന്നവള്‍.
ഇനിയുള്ളത്
വിധി പറയലാണ് ...

Thursday, 15 December 2011

നിലവിളി

സയനൈഡ് പുരട്ടിയ ചുംബനങ്ങളില്‍
ഉണരാത്ത ഉറക്കത്തിലെക്കാണ്ട് പോകുമ്പോള്‍
വെന്ത വെന്നീറിന്റെ ചൂടില്‍
വേര്‍പിരിഞ്ഞകന്ന ആത്മാക്കള്‍
നിദ്രയുടെ വാതയനങ്ങല്‍ക്കപുറത്ത്
രാക്കിളികളുടെ സംഗീതത്തിനു മേല്‍
ഇരുള്‍ തീര്‍ത്തു.
നിര്‍ത്താതെയുള്ള നീണ്ട
ചൂളം വിളികള്‍ക്കിടയില്‍
അറിയാതെ പോയ നിലവിളികള്‍.
അകലെ
പോസ്റ്റ്‌മോര്‍ട മേശയില്‍
പുഴുവരിച്ച രാത്രിയില്‍
ചിറകറ്റു വീണ കിനാശലഭങ്ങള്‍
മരവിച്ചുറങ്ങുകയാണ്‌.
കൊത്തിവലിക്കാന്‍
കയ്യില്ലാതവനെ തേടി
തിരികെ വരുമെന്ന് പറഞ്ഞ്‌
ബലികാക്കകള്‍ വറ്റു കൊത്താതെ പോയി.
പിടഞ്ഞ്ഒഴുകിയ രക്തത്തിന്റെ
നിലവിളികള്‍.
ഒരു വിരല്‍ ദൂരത്തില്‍
പിച്ചിചീന്തിയ ശരീരസമസ്യകള്‍.
ചിതയെരിഞ്ഞ മണ്ണില്‍
അപായചങ്ങലയില്ലാതോടുന്ന യാഥാര്‍ത്ഥ്യം.
ഓര്‍മകളുടെ മുറ്റത്ത്‌
ചില്ല്കൊട്ടാരത്തിനുള്ളില്‍
അവളുറങ്ങുമ്പോള്‍
അവിടെ ,നിലാവ്
രക്തം കട്ട പിടിച്ച രാത്രിയില്‍
നീണ്ടു പോകുന്ന റയില്‍പാളങ്ങളില്‍
ഒറ്റകയ്യനെ തിരഞ്ഞുകൊണ്ടിരുന്നു ....
 

Thursday, 8 December 2011

പുതപ്പ്‌

എപ്പോഴും ഉണ്ടായിരുന്നു നീ.
യാത്ര കഴിഞ്ഞ്
ക്ഷീണിച്ചെത്തുമ്പോള്‍.
തണുപ്പിന്റെ 
തൂമഞ്ഞു കുളിര്‍ വന്നു പുല്‍കുമ്പോള്‍.
പനിചൂടെടുത്ത്
ചുരുണ്ട് കൂടുമ്പോള്‍.
സ്വപ്നങ്ങളുടെ നിലാമഴയില്‍ 
കവിതയായ് വന്ന്‌
ആരോ ചുംബിക്കുമ്പോള്‍.
വാക്കുകളുടെ അസ്ത്രമുനകളില്‍ പെട്ട് 
നെഞ്ചിന്‍കൂട് പിളരുമ്പോള്‍.
എപ്പൊഴുമുണ്ടായിരുന്നു നീ.
വിയര്‍പ്പിന്റെ ഗന്ധമറിഞ്ഞു
കലങ്ങിയ കണ്ണിന്റെ നനവറിഞ്ഞു 
കണ്മഷിക്കറയറിഞ്
ഉള്‍ചൂടറിഞ്ഞ്
ഉള്‍തുടിപ്പിന്റെ
നേര്‍ത്ത നിശ്വാസമേറ്ററിഞ്ഞ്
എന്നിലലിഞ്ഞു ചേര്‍ന്ന്........

Saturday, 24 September 2011

                                ഓര്‍മകളുടെ മഴക്കാടുകളില്‍ പ്രണയം പൂത്ത് നില്‍ക്കുന്നു.മാറോടടക്കിപ്പിടിച്ച പുസ്തകകെട്ടുമായ് ഓടി മറഞ്ഞ വയല്‍ വരമ്പിലെ നനവ്‌ പറ്റിയ കാലടികള്‍..മഴ നനഞ്ഞു ഓടിയ വഴികളില്‍ എന്നോ ഇലക്കുടക്ക് കീഴെ ഇടം തന്ന കൂടുകാരന്‍..ഇടവഴിയിലെ ചെളിവെള്ളം തട്ടിതെറിപ്പിച്ചു അന്ന് പിണങ്ങിയതും,ഒടുവില്‍ ഒരു നാരങ്ങമിട്ടായിയില്‍ ആ പിണക്കം അലിഞ്ഞു ഇല്ലാതായതും എല്ലാം നനുത്ത ഓര്‍മ്മകള്‍..
    ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീണ മഴതുള്ളികളെ നെഞ്ചോടു ചേര്‍ത്തുകൊണ്ട്,അവയ്ക്കിടയിലൂടെ ഒരു യാത്ര ...അവിടെ പെയ്തു തീരാത്ത ഒരു പേമാരി പോലെ,ഒരു രാത്രിമഴ പോലെ.,പെയ്തു ഉണരാനായ് നില്‍പു..നീ ഉണരുന്നതും കാത്ത്...ആ ഇലക്കുടക്ക് കീഴെ ഒരിക്കല്‍ കൂടി ഇടം തേടാനായ്...

Wednesday, 21 September 2011

ആത്മഹത്യ



കറിയ്ക്കരിഞ്ഞു വയ്ച്ചു 
അരി അടുപ്പതിട്ടപ്പോള്‍ 
അരികിലുണ്ടായിരുന്നു.
അരുതെന്ന് പറഞ്ഞു ശാസിച്ചപ്പോള്‍ 
കരയാതെ അരികിലിരുന്നു.
പുസ്തകമെടുത്തു 
പഠിക്കാനിറങ്ങിയപ്പോഴും 
പോയ്‌ വരാമെന്ന് പറഞ്ഞതാണ്‌.
നിറയാത്ത മിഴികളില്‍ അന്ന് 
അറിയാതെ പോയതെന്തോ 
കാണുവാനയത് പിന്നെ 
ഒരു മുഴം കയറിന്റെ തുമ്പില്‍ ആയിരുന്നു.

Sunday, 4 September 2011

അതിജീവനത്തിന്റെ അവസാന വാക്ക്

   

ഇവിടെ,
രക്തബന്ധങ്ങളുടെ വിഴുപ്പു ബാണ്ട്ടങ്ങളില്‍
നശിപ്പിക്കപെട്ട ബ്രുണങ്ങള്‍
മോക്ഷം കിട്ടാത്ത ആത്മാക്കളആയ് 
അശാന്തിയുടെ വിഷ വിത്തുകള്‍ 
വിതച്ചുകൊണ്ടേയിരിക്കുന്നു.
അവിടെ,അങ്ങകലെ 
ഇരുളിന്റെ പാതാളഗുഹകളില്‍ 
അധിനിവേശത്തിന്റെ കടവാവലുകള്‍ 
ആയുധമുനകള്‍ കൂര്‍പ്പിക്കയാണ്.
ആകാശത്തിനു കീഴിലത്രയും 
അണ്‌ബോംബുകള്‍ കഥ പറയുകയാണ്.
മരണത്തിന്റെ,
കറുത്ത പുകച്ചുരുള്‍ തീര്‍ത്ത്
വെടിയുണ്ടകള്‍ 
ആന്ജയനുസരിക്കയാണ്.
നാളെ ഉണരുമ്പോള്‍
നീയും ഞാനും ഉണ്ടാകാണമോയെന്നു 
തീരുമാനിക്കുന്നതവരണത്രെ.
എങ്കിലും
സമാധാനത്തിന്റെ,
പ്രതീക്ഷകളുടെ,
ഒരു വെള്ളതൂലികതൂവല്‍
ഞാനെന്റെ വിരലുകള്‍ക്കിടയിലും
ചിന്തകള്‍ക്കുള്ളിലും
സ്വരുക്കൂട്ടി വച്ചിട്ടുണ്ട്.
അതിജീവനത്തിന്റെ,
അവസാന വാക്കായ്...