ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday 25 November 2014

ഇരുട്ടില്‍ നിന്നും വര്‍ണ്ണങ്ങളിലേക്കുള്ള
ഒരു പുലര്‍കാല സ്വപ്നത്തിലാണ്
നാം പരസ്പരം കണ്ടുമുട്ടിയത് ...
ഇനി ഒരു പകലിലേക്കുള്ള ദൂരത്തില്‍
നീയെന്നെ ഉണര്‍ത്തരുത് ...

Saturday 12 July 2014

യുദ്ധം

മൂകമായ തെരുവുകളില്‍
മഴയിലൊലിച്ചു രക്തപുഷ്പങ്ങള്‍ .
ഉറ്റവര്‍ക്കുള്ള തിരച്ചിലില്‍
കെട്ടുപോയ പ്രതീക്ഷകള്‍.
കൈവിട്ടുപോയ കുഞ്ഞിനെ തേടി
മുറിവേറ്റൊരു പക്ഷി.
ജീവനറ്റ ശരീരങ്ങള്‍ക്കുമേല്‍
മണം പിടിച്ചൊരു നായ.
ഒരുപക്ഷെ
അത് യജമാനനെ തേടുകയാവാം.
ചിതറിവീണ കുഞ്ഞിളം കൈകള്‍
എന്തോ തിരഞ്ഞുകൊണ്ടിരുന്നു.
ഉണങ്ങിയ ചില്ലകളില്‍
കാറ്റിന് പിടികൊടുക്കാതെ
അവസാന ജീവനും വീണുതിര്‍ന്നു.
നനഞ്ഞ മണ്ണിന് രക്തഗന്ധം. 

Friday 11 April 2014

പട്ടം

കാറ്റും 
മഴക്കോളുകള്‍ക്കും ഇടയില്‍ 
നൂല് പൊട്ടിയലഞ്ഞു.
ചുരങ്ങള്‍  കയറിയിറങ്ങി 
കൂര്‍ത്ത മുള്‍പടര്‍പ്പിലും 
ഉണങ്ങിയ കൊമ്പുകളിലും 
തട്ടി തട്ടി ഒഴുകി വീഴുന്നു.
ദിക്കറിയാതെ
വഴി തെറ്റി അലയുമ്പോള്‍ 
എത്തിപ്പിടിക്കാനാവാതെ
പാദങ്ങളില്‍ 
കുത്തിചൂഴുന്ന വേദന.
പടര്‍പ്പുകള്‍ക്കിടയില്‍  നിന്ന്
ഒടുവില്‍  കണ്ടുകിട്ടുമ്പോള്‍
എല്ല് നുറുങ്ങി
തൊലി പൊളിഞ്ഞ്
നീ നീയല്ലതായിതീര്‍നിരുന്നു ..

Tuesday 31 December 2013



വരൂ...
 മാറ്റത്തിന്റെ വസന്തങ്ങൾക്കായ്‌
ഇനി നമുക്ക് വിത്ത് പാകാം ...
കൊഴിഞ്ഞു വീണ ഓരോ ഇതളുകളിലും
വരാനിരിക്കുന്ന പോരാട്ടത്തിന്റെ
നാൾവഴികൾ കുറിയ്ക്കാം ...
ഇന്ന് ഈ ഡിസംബർ ന്റെ
അവസാന രാത്രിയും മറയുമ്പോൾ
 കുളിരുള്ള സ്വപ്നങ്ങൾ
ഇനി ജനുവരിയ്ക്ക് സ്വന്തം...
പുതിയ പ്രതീക്ഷകളുമായ്
വീണ്ടുമൊരു പുതുവർഷം ....
അടിപതറാതെ മനമിടറാതെ
നമുക്ക് വരവേൽക്കാം ....


               ആശംസകളോടെ
               രേഷ്മ പെരുനെല്ലി

Wednesday 9 October 2013








കടംകൊണ്ട വാക്കുകളിൽ
ഞാനഭയം തേടുമ്പോൾ
നീയെനിക്കായ്
ആശ്വാസവാക്കുകൾ പൊഴിക്കരുത്.
തിരിച്ചു നല്കാൻ
ഇനിയെന്നിൽ ഒന്നും അവശേഷിക്കുന്നില്ല .
തിരിഞ്ഞു നടക്കാൻ
ഇനിയെനിക്ക് പാതകളില്ല .
ഓര്മകളുടെ തണലിൽ
ഞാനിനിയൊരു കൂടോരുക്കട്ടെ.
അന്ന്,
എന്നെ തളര്തുന്ന നിന്റെ മൊഴികൾ
നീയെന്നില്നിന്നും തിരിച്ചെടുക്കുക..
കടലെടുത്ത സ്വപനങ്ങൾ
കൂട്ടിവെച്ചിനി
വരുംജന്മം നമുക്ക് തീര്ക്കാം .
സ്വപനങ്ങളുടെ വാതിലുകൾ
ഞാൻ താഴിട്ടു പൂട്ടുന്നു..
ഞാനറിയാത്ത എന്റെ വഴികളിൽ
ഇനി മരണമെന്ന സത്യം.
നീയെനിക്കു മാപ്പ് തരിക.....

Saturday 31 August 2013

നീ നിശബ്ദയായിരുന്നു






 നിശബ്ദതയുടെ ചരട്
നീ പൊട്ടിച്ചെറിഞ്ഞപ്പോഴും 
വാക്കുകൾ ഇടറി 
നീ താഴെ വീണപ്പോഴും 
അവൻ നിനക്ക് 
ആരെല്ലാമോ ആയിരുന്നു .
ഒരിക്കൽ 
ഓർമ നശിച്ച അവൻ 
ഓർത്തെടുത്തത്‌ 
നിൻറെ പേര് മാത്രം.
പക്ഷെ ,നീ അവനെ മറന്നു.
നിനക്കവൻ ആരുമല്ലായിരുന്നു .
നീ  നിശബ്ദയായിരുന്നു .

Monday 10 June 2013

പുനര്ജന്മം





                                                       നീയറിഞ്ഞുവോ
                                                       ഇന്നെന്റെ മന്ദാരങ്ങളിൽ
                                                       നിനക്കായ്‌ വിടർന്ന  പൂവിനെ ...
                                                       ഗുൽമോഹർ പൂത്ത വഴികളിൽ
                                                       നിനക്കായ്‌ കാത്തിരുന്ന ദിനങ്ങളെ ...
                                                       വസന്തത്തിന്റെ ,
                                                       തളിർത്ത  ചില്ലകളിൽ
                                                       നിനക്കായ്‌ ഒരുക്കിയ നിറഭേദങ്ങൾ ...
                                                       നീ ചുംബിച്ചുലച്ച എന്റെ ചുണ്ടുകൾ ...
                                                       ജന്മാന്തരങ്ങളിൽ
                                                       നീ പൂവായും
                                                       ഞാൻ വണ്ടായും
                                                       ഇനി ജനിക്കാം ...
                                                       ഋതുഭേദങ്ങളിൽ
                                                       നമുക്ക് കയ്മാറാം
                                                       ബാക്കിയാക്കിയ
                                                       ഒരുപിടി സ്വപ്‌നങ്ങൾ ...